തിലഹവന വിധി

"തത്വസംഖ്യാ സഹസ്രാണി ജൂഹൂയാത് തിലൈ: സർവ്വ പാപൈ വിമുച്യതേ " എന്ന ശാരദാ തിലക വാക്യത്തെ അടിസ്ഥാനമാക്കിയാണ് തിലഹവനം കഴിക്കുന്നത്. തിലഹവനം എന്ന പദത്തിന്റെ പരൽപ്പേര് സംഖ്യയും 36000 ആണ്. പ്രപഞ്ചോത്ഭവ തത്വങ്ങൾ 36.36000 സംഖ്യ തിലം ഗായത്രീ മന്ത്രം കൊണ്ട് ഹോമിച്ചാൽ സർവ്വ പാപങ്ങളും ക്ഷയിക്കും എന്ന ശാസ്ത്ര കൽപ്പന ആണ് ഇവിടെ ആവിഷ്കൃതമാകുന്നത്. തിലം ശ്രീ മഹാവിഷ്ണുവിന്റെ സ്വേദത്തിൽ നിന്നും ഉദ്ഭവിച്ചതാകയാൽ വിശേഷാൽ പിതൃപ്രീതികരവും ആണ്. തിലഹവനം പിതൃക്കളെ ഉ ദ്ദേശിച്ച് നടത്തുമ്പോൾ അവർ ജീവിതകാലത്ത് അറിഞ്ഞോ അറിയാതയോ ചെയ്ത പാപ സമൂഹങ്ങൾ ക്ഷയിച്ച് വിഷ്ണു പ്രീതിക്ക് അർഹരായി സദ്ഗതി പ്രാപ്തി ഉണ്ടാകുന്നു.

ക്ഷേത്രങ്ങളിൽ തിലഹവനം നടത്താവുന്നതാണ്.അത് പക്ഷേ ക്ഷേത്ര ചൈതന്യ വൃദ്ധി സങ്കൽപിച്ചുള്ളതാവണം.പിതൃ മുക്തി സങ്കൽപിച്ചാകരുത്. പിതൃ മുക്തി ക്രിയകൾ അതിന് വിധിച്ച ക്ഷേത്രങ്ങൾ മാത്രം ആശ്രയിച്ച് നടത്തുക. പ്രതിഷ്ഠാ സമയത്ത് തന്ത്രി എന്ത് സങ്കൽപിച്ചുവോ അതേ ആചരണം മാത്രമേ അതത് ക്ഷേത്രങ്ങളിൽ പാടുള്ളു .തന്ത്രി അങ്ങനെ കൽപിക്കാത്ത ക്ഷേത്രങ്ങളിൽ പിതൃക്രിയകൾ ചെയ്താൽ ക്ഷേത്രത്തിൽ വിവിധങ്ങളായ പ്രേതസാന്നിദ്ധ്യങ്ങൾ വരുകയും ക്ഷേത്ര ചൈതന്യ ലോപം ധാരാളമായി ഭവിക്കുകയും ചെയ്യും. പിതൃക്രിയകൾ പതിവുള്ള ക്ഷേത്രങ്ങളിൽ പ്രതിഷ്ഠാ സ്വഭാവവും പിതൃ മുക്തി പ്രദമായിരിക്കും. ഒപ്പം തന്നെ തദനുസാരിയായ പൗഷ്ടിക ക്രിയകൾ ക്രമമായി നടന്നു വരുന്നും ഉണ്ടാവും.സാധാരണ ക്ഷേത്രങ്ങളിൽ ഇതുണ്ടാവാറില്ല.അതിനാൽ തിരുവല്ലം, തിരുമുല്ലവാരം, തിരുനെല്ലി, തിരുനാവായ തുടങ്ങിയ പിതൃക്രിയയ്ക്ക് പ്രസിദ്ധമായ ക്ഷേത്രങ്ങളിൽ വച്ചല്ലാതെ സാധാരണ ക്ഷേത്രങ്ങളിൽ വച്ച് പിതൃക്രിയ നടത്തരുത് അല്ലാതെ ഉള്ളവർ നദീതീരങ്ങളിൽ നടത്തുക .