രാമായണശീലുകള്‍ നിറയുന്ന സന്ധ്യകൾ

രാമായണശീലുകളുമായി കര്‍ക്കടക മാസം പിറന്നു. പൊന്നിൻ ചിങ്ങത്തിനായുള്ള കാത്തിരിപ്പായ കര്‍ക്കടകം വറുതികളുടെ കാലമാണെന്നാണ് പറയുന്നത്. തുടര്‍ച്ചയായി പെയ്യുന്ന മഴയും ആരോഗ്യ പ്രശ്നങ്ങളും കാര്‍ഷിക മേഖലയിലെ തിരിച്ചടിയും കര്‍ക്കടത്തെ ദുര്‍ഘടമാക്കും. അങ്ങനെയാണ് കര്‍ക്കടകത്തെ പഞ്ഞമാസം, കള്ളക്ക‍ര്‍ക്കടകം എന്നിങ്ങനെ വിശേഷിപ്പിച്ചത്. എന്നാൽ ഇത്തരം പ്രശ്നങ്ങളെ മറികടക്കാനാണ് പൂര്‍വ്വികര്‍ രാമായണ പാരായണത്തിനുള്ള മാസമായി കര്‍ക്കടകത്തെ മാറ്റിവച്ചത്.


സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. സൂര്യകിരണങ്ങള്‍ക്ക് ശക്തി കുറയുന്നതു കാരണമാണ് ഈ മാസത്തിൽ രോഗബാധയേറുന്നത്. ദക്ഷിണായണകാലം ആരംഭിക്കുന്നത് കർക്കടകത്തിലാണ്. ഉത്തരായണം ദേവന്മാർക്ക് പകലും ദക്ഷിണായണം ദേവന്മാർക്ക് രാത്രിയുമാണ്. രാത്രി തുടങ്ങുന്നതിലെ ആദ്യഘട്ടമാണ് കർക്കടകം ദേവസന്ധ്യയെന്നും വിശേഷിപ്പിക്കാം. ഈ ദേവസന്ധ്യയിൽ രാമനാമങ്ങള്‍ ചൊല്ലുന്നത് നല്ല ഫലങ്ങള്‍ നേടിത്തരും.

അടുത്ത പതിനൊന്ന് മാസം എങ്ങനെ ജീവിക്കണം എന്നതിൻ്റെ തയ്യാറെടുപ്പുകള്‍ക്കായുള്ള മാസമാണ് കര്‍ക്കടകം. ഈ മാസം മനുഷ്യശരീരത്തിൽ ദഹനപ്രക്രിയ കുറവായിരിക്കും. ആയതിനാൽ മത്സ്യമാംസാദികളും ദഹനപ്രക്രിയ നടക്കാത്ത ആഹാരങ്ങളും ഈ സമയത്ത് ഒഴിവാക്കുന്നതാണ് ഉത്തമം. ഇതിനാലാണ് വ്രതാനുഷ്ഠാനങ്ങൾക്ക് ഈ മാസത്തിൽ പ്രധാന്യം ഏറുന്നത്. കര്‍ക്കടക കഞ്ഞി, കര്‍ക്കടക കുളി, കര്‍ക്കടക സുഖചികിത്സ തുടങ്ങിയവ വരാനിരിക്കുന്ന ഒരു വര്‍ഷത്തേക്കു വേണ്ടി ഊര്‍ജം ആവാഹിക്കാനുള്ള ദിനചര്യകളാണ്. താള്, തകര, മത്തൻ, കുമ്പളം, ചേന, പയറ്, ആനത്തൂവ, നെയ്യുണ്ണി എന്നീ പത്തിലക്കറികള്‍ കര്‍ക്കടത്തിൽ കൂട്ടണമെന്നും പറയുന്നു.


ക‍ര്‍ക്കടത്തിലെ 30 നാളുകളിൽ പലവിധ പൂജകള്‍ വീടുകളിലും ക്ഷേത്രങ്ങളിലും നടത്താറുണ്ട്. ഇതിൽ പ്രധാനപ്പെട്ടതാണ് ഗണപതിഹോമവും ഭഗവതി സേവയും. കര്‍ക്കടകത്തിൻ്റെ അവസാനം ചിങ്ങ സംക്രമ ദിനത്തില്‍ പഴയ തറവാടുകളില്‍ ഐശ്വര്യ ദേവതയെ വരവേല്‍ക്കാന്‍ വീടിൻ്റെ വാതില്‍പ്പടികള്‍ കഴുകി വൃത്തിയാക്കി ഭസ്മക്കുറി വരച്ച് ചീവോതിപ്പൂവിടും. പടിഞ്ഞാറ്റയില്‍ തൂക്കുവിളക്ക് കത്തിച്ച് ഓട്ടുകിണ്ടിയില്‍ തെളിനീര്‍ നിറച്ചുവെച്ച് തറയില്‍ ചീവോതിപ്പൂവിടും. ‘ശീപോതിക്ക് വെക്കല്‍’ എന്നാണ് ഈ ആചാരത്തിന് പറയുക.

എല്ലാ ഹൈന്ദവ വീടുകളിൽ കര്‍ക്കടക നാളുകളിൽ രാമായണ പാരായണം നടത്തിവരുന്നുണ്ട്. ധാർമ്മികമൂല്യങ്ങളെ മുറുകെ പിടിക്കാനായി മഹത്തായ സിംഹാസനം വരെ ഉപേക്ഷിച്ച രാമനേയും ഭരതനേയും പോലുള്ള മനുഷ്യരുടെ കഥയിലൂടെ മഹത്തരമായ ധർമ്മസം‌രക്ഷണത്തെക്കുറിച്ചുള്ള സന്ദേശമാണ്‌ രാമായണം നൽകുന്നത്. എല്ലാ പാപങ്ങള്‍ക്കും പരിഹാരമായാണ് രാമായണ പാരായണം ആചാര്യന്മാര്‍ ഉപദേശിക്കുന്നത്. കര്‍ക്കടക മാസത്തിൽ രാമ-ഭരത-ലക്ഷണ-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ദര്‍ശനം നടത്തുന്നതും ഐശ്വര്യപ്രദമാണ്. ക‍ര്‍ക്കടക മാസത്തിൽ അനുഷ്ഠിക്കുന്ന സവിശേഷകരമായ കര്‍മ്മമാണ് പിതൃദര്‍പ്പണം. ഈ ദിവസം ബലിയിട്ടാൽ പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്നു വിശ്വസിക്കപ്പെടുന്നു.

More Like